'ജയിപ്പിച്ചാല്‍ പെണ്ണുങ്ങളെ തരാം' ബിജെപി നേതാവ്‌ വിവാദത്തില്‍

ചണ്ഡീഗഡ്‌: പെണ്‍ ദാരിദ്ര്യം അനുഭവിക്കുന്ന ഹരിയാനക്കാര്‍ക്ക്‌ ബിജെപി അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ നിന്നും കൊണ്ടുവന്ന്‌ പെണ്ണുങ്ങളെ ഏര്‍പ്പാടാക്കി കൊടുക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്‌താവന വിവാദമാകുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും നാഷണല്‍ കിസാന്‍ മോര്‍ച്ച പ്രസിഡന്റുമായ ഒ പി ധന്‍കറാണ്‌ വിവാദ പരാമര്‍ശം നടത്തി പുലിവാല്‌ പിടിച്ചിരിക്കുന്നത്‌.

ബിജെപിയെ സംസ്‌ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ചാല്‍ ബീഹാറില്‍ നിന്നും പെണ്ണുങ്ങളെ എത്തിച്ചാണെങ്കിലും സംസ്‌ഥാനത്തെ മുഴുവന്‍ ആണുങ്ങള്‍ക്കും വിവാഹം ഉറപ്പാക്കുമെന്ന്‌ ശനിയാഴ്‌ച നിര്‍വാണയില്‍ നടന്ന കിസാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുമ്പോഴായിരുന്നു ബിജെപി നേതാവ്‌ വെച്ചുകാച്ചിയത്‌. ഹരിയാന സ്‌ത്രീ പുരുഷ അനുപാതത്തെ മുന്‍ നിര്‍ത്തിയാണ്‌ പരാമര്‍ശം നടത്തിയതെങ്കിലും പൂര്‍വ്വാഞ്ചല്‍ മേഖലയിലെ ആള്‍ക്കാരെ പരാമര്‍ശം ചൊടിപ്പിക്കുകയും ധന്‍കര്‍ പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട്‌ അവര്‍ രംഗത്ത്‌ വരികയും ചെയ്‌തു.

സ്‌ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സംസ്‌ഥാനങ്ങളില്‍ ഒന്നാണ്‌ ഹരിയാന. 2011 ലെ സെന്‍സസ്‌ പ്രകാരം ഹരിയാനയില്‍ 1000 ആണുങ്ങള്‍ക്ക്‌ 879 പെണ്ണുങ്ങള്‍ മാത്രമാണുള്ളത്‌. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന്‌ ധന്‍കര്‍ പറഞ്ഞു. ബീഹാറില്‍ നിന്നും അനധികൃതമായി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകുമെന്ന തരത്തിലാണ്‌ വാര്‍ത്തകള്‍ പുറത്ത്‌ വന്നത്‌. പൂര്‍ണ്ണമായും നിയമാനുസൃതമായി ബീഹാറിലെ പാവപ്പെട്ട മേഖലയിലുള്ള പെണ്‍കുട്ടികള്‍ക്ക്‌ മികച്ച ജീവിതം കിട്ടുന്നതും ഹരിയാനയിലെ ദാരിദ്ര്യം പരിഹരിക്കുന്ന തരത്തിലും കാര്യങ്ങള്‍ നടപ്പാക്കുമെന്നാണ്‌ ഉദ്ദേശിച്ചതെന്നും ധന്‍കര്‍ പറഞ്ഞു.
കടപ്പാട്: മംഗളം

No comments:

| Copyright © 2014 She Report